വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ മൂന്നാറിലെ മാട്ടുപ്പെട്ടി ഡാം പരിസരം മാലിന്യക്കൂമ്പാരമായി മാറുന്നു.

മൂന്നാർ : ആയിരക്കണക്കിന് വിനോദസഞ്ചാരികൾ ഓരോ ദിവസവും എത്തുന്ന മാട്ടുപ്പെട്ടി ഡാം പരിസരത്താണ് വ്യാപകമായി മാലിന്യം തള്ളുന്നത്. പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്ന ഡാമിനോട് ചേർന്ന പ്രദേശത്താണ് മാലിന്യനിക്ഷേപം ഏറ്റവും രൂക്ഷം. സമീപത്തെ ഭക്ഷണശാലകളിൽ നിന്നും കടകളിൽ നിന്നും ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഇവിടെ ഉപേക്ഷിക്കുന്നതായാണ് ആരോപണം.
സഞ്ചാരികൾ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് കുപ്പികളും മറ്റ് പ്ലാസ്റ്റിക് മാലിന്യങ്ങളും കരിക്കിന്റെ അവശിഷ്ടങ്ങളുമെല്ലാം പ്രദേശത്ത് കുന്നുകൂടിക്കിടക്കുകയാണ്.
മഴ ശക്തമായാൽ ഈ മാലിന്യങ്ങളെല്ലാം ഡാമിലേക്ക് ഒഴുകിയെത്താനുള്ള സാധ്യതയും നിലനിൽക്കുന്നു. മാട്ടുപ്പെട്ടി ഡാമിലെ വെള്ളമാണ് മൂന്നാറിന് താഴെയുള്ള പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. മാലിന്യങ്ങൾ ഡാമിലെത്തുന്നത് കുടിവെള്ള സ്രോതസ്സിന്റെ ശുചിത്വത്തിനും വലിയ ഭീഷണിയാകും.
ഡാമിനോട് ചേർന്ന് നൂറുകണക്കിന് വഴിയോരക്കടകളും പ്രവർത്തിക്കുന്നുണ്ട്. ഇവിടെ നിന്നുള്ള മാലിന്യനിക്ഷേപം നിയന്ത്രിക്കാനോ നിയമലംഘകർക്കെതിരെ നടപടിയെടുക്കാനോ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.
മൂന്നാറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രത്തിന്റെ ദൃശ്യഭംഗിക്ക് മങ്ങലേൽപ്പിക്കുന്ന മാലിന്യക്കൂമ്പാരങ്ങൾ പാരിസ്ഥിതിക പ്രശ്നങ്ങൾക്കും വഴിയൊരുക്കുകയാണ്. മാലിന്യമുക്ത മാട്ടുപ്പെട്ടിക്കായി അധികൃതർ എപ്പോൾ നടപടി സ്വീകരിക്കും എന്നതാണ് ഉയരുന്ന ചോദ്യം.



