ഇടുക്കിയില്‍ വീട്ടുമുറ്റത്ത് കരടികള്‍; ചെടിച്ചട്ടി തളളി താഴെയിട്ടു, ദൃശ്യങ്ങൾ പുറത്ത്

ഇടുക്കി: ഇടുക്കിയില്‍ വീട്ടുമുറ്റത്ത് കരടികള്‍. കുമളി മുല്ലയാറിലാണ് വീട്ടുമുറ്റത്ത് കരടികളെത്തിയത്. മുല്ലയാര്‍ സ്വദേശി ഇന്ദുലേഖ രതീഷിന്റെ വീട്ടുമുറ്റത്താണ് രണ്ട് കരടികളെത്തിയത്. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ഇവ പെരിയാര്‍ കടുവ സങ്കേതത്തില്‍ നിന്നും എത്തിയതാകാം എന്നാണ് വനംവകുപ്പിന്റെ നിഗമനം. വീട്ടില്‍ സ്ഥാപിച്ച സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞു. പെരിയാര്‍ കടുവാ സങ്കേതത്തോട് ചേര്‍ന്നുകിടക്കുന്ന സ്ഥലമാണ് കുമളി.
പ്രദേശത്ത് ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം നടത്താനാണ് വനംവകുപ്പിന്റെ തീരുമാനം. വീട്ടുമുറ്റത്തേക്ക് കരടികള്‍ ചാടിയിറങ്ങുന്നതും ഇതിനിടെ വീട്ടിലെ ചെടിച്ചട്ടി താഴെ വീണ് പൊട്ടുന്നതും സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളിലുണ്ട്. കനത്ത ചൂട് മൂലം വെളളത്തിനും ആഹാരത്തിനുംവേണ്ടിയാകാം കരടികൾ ജനവാസ മേഖലയിലേക്ക് എത്തിയതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം.



